Saturday, November 17, 2007

ഒരു യാത്രയുടെ ഓര്‍മ്മക്ക്

ഒരു യാത്രയുടെ ഓര്‍മ്മക്ക്

ആകാശത്തുനിന്ന് തീ കോരിയിട്ടു.. ചെവിടടപ്പിക്കുന്ന ഇടിമുഴക്കം..ഉച്ചതിരിഞ്ഞപ്പോള്‍ പെട്ടെന്നാണ് കാര്‍മേഘം വന്നു മൂടിയത്.


“തുലാവര്‍ഷം ഇത്തവണ നേരത്തെയാണിവിടെ.” വയസ്സായൊരാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു..


ഈ മഹാനഗരത്തില്‍ ആകാശം മുട്ടെയുയര്‍ത്തിയിരിക്കുന്ന സൌധങള്‍ !! മഴയും വെയിലും തിരിച്ചറിയുന്നതുതന്നെ ഭാഗ്യം..


“ഡെക്കറേഷന്‍ തുടങാന്‍ ഇനി വൈകിക്കണ്ട..“


ബോംബെയിലെ ഏറ്റവും അടുത്ത പ്രാന്തപ്രദേശത്തെ ഫ്ലാറ്റിലാണ് രാമന്ടെ താമസം.


സ്വന്തമായി ഫ്ലാറ്റുള്ളയാള്‍ ! ബാല്യവും കൌമാരവും പങ്കുവച്ച സഹപാഠി..


രാമന്ടെ കുട്ടിയുടെ പിറന്നാളാണിന്ന്..


കുറെ നാളായി ഈ നഗരത്തിലേക്കു വരാന്‍ ക്ഷണിക്കുന്നു. ഇത്തവണ ഒഴിവാക്കാന്‍ പറ്റിയില്ല. വിദേശപങ്കാളിത്തമുള്ള അഡ്വര്‍ട്ടൈസിംങ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തിന്ടെ തലവനാണ് രാമന്‍ എന്ന ആര്‍.കെ.മേനോന്‍.. കോളേജില്‍ ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കാണാനും, മാത്തുണ്ണിയുടെ പറമ്പില്‍ നിന്നും തെങിന്‍ കള്ളു കുടിക്കാനും രാമനാണ് പഠിപ്പിച്ചുതന്നത്. സഹപാഠിയേക്കാളുപരി പല കാര്യങളിലും ഗുരുവായിരുന്നു !

“ക്രിഷ്ണാ റെഡിയാവൂ, താഴെ ലോബിയിലേക്കു പോകാം.”

രാമന്ടെ ശബ്ദം ചിന്തയില്‍ നിന്നും ഉണര്‍ത്തി. പാര്‍ട്ടി തുടങാന്‍ ഇനി അധികസമയമില്ല. ഇപ്പോഴും ഇടി മുഴങുന്നുന്ട്. മഴ നിലച്ചെന്നു തോന്നുന്നു. ബാല്‍ക്കണിയില്‍ നിന്നും താഴേക്കു കാണാം. കോണ്‍ക്രീറ്റു പ്രതലങളില്‍ വെള്ളം കെട്ടി കിടക്കുന്നു.

ഭാര്യയും കുഞ്ഞുമുണ്ട് കൂടെ. അവളും കുറെ നാളായി ബോംബെ യാത്രയെക്കുറിച്ചു സംസാരിക്കുന്നു. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഓഫീസിലെ തിരക്കുകള്‍.. കൂടെ സാമൂഹ്യപ്രവര്‍ത്തനവും. സമയക്കുറവിന്ടെ എല്ലാ പരാധീനതകളും നിറഞ്ഞ ജീവിതം. അവള്‍ക്ക് വേണ്ടത്ര സമയം കൊടുക്കാറില്ലെന്ന കുറ്റബോധമുണ്ട്. കുഞ്ഞു പിറന്നതില്‍ പിന്നെ മോളുടെ കാര്യങള്‍ക്കും അവള്‍ തന്നെ സമയം കണ്ടെത്തി. ഒരിക്കലും ദുഖിപ്പിച്ചിട്ടില്ല..അവളും സ്നേഹിച്ചിട്ടെയുള്ളു.. ആ സ്നേഹം മുഴുവന്‍ തിരിച്ചു കൊടുക്കാന്‍ കഴിയാത്ത വിഷമമുണ്ട്. ലോകനിയമങള്‍ക്ക് അപ്പുറമുള്ളൊരു മനുഷ്യനാവാന്‍ കഴിയില്ലല്ലോ.. ഹ്രിദയത്തിന്ടെ ഭാഷ ഗ്രഹിക്കാ‍ന്‍ കഴിവുള്ള അവള്‍ എത്രയോ ഉയരത്തിലാണ്..

പാര്‍ട്ടി കഴിഞ്ഞപ്പോഴേക്കും അര്‍ദ്ധരാത്രിയായി. രാമന്‍ സല്‍ക്കരിച്ച മദ്യത്തിന്ടെ ലഹരിയിലലിഞ്ഞു..

ഭാരിച്ച് ശമ്പളവും ലെയ്റ്റസ്റ്റ് ട്രെണ്ട്സും മാറ്റിനിര്‍ത്തി രാമന്‍ മനസ്സു തുറന്നു വച്ചു..മഹാനഗരത്തിലെ ഫ്ലാറ്റിന്ടെ കോണില്‍ നീലിപ്പുഴയും പാടങളും തെളിഞ്ഞു വന്നു. അതിന്ടെ വിരിമാറിലൂടെ ഒരുപാടു ദൂരം സഞ്ചരിച്ചു.. പുഴയില്‍ മതിയാവോളം നീന്തിത്തുടിച്ചു..ഏറുമാടത്തില്‍ അന്തിയുറങി !!

“ഒന്നെണീക്കൂ.” നേര്‍ത്ത സ്വപ്നത്തിന്ടെ ബാക്കി മുറിഞ്ഞു..

പുറപ്പെടാന്‍ നേരമായി.

നഗരത്തിലെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്തലങളില്‍ അലഞ്ഞു. ഗെയ്റ്റ്വെ ഓഫ് ഇന്ത്യയുടെ ഓരത്തു നിന്നും സായാഹ്നക്കാഴ്ച്ചകള്‍ കണ്ടു. സഞ്ചാരികളുടെ ബഹളം!! ക്യാമറാകണ്ണുകള്‍ മിന്നി മറഞ്ഞു..മകളുടെ സന്തോഷങള്‍ എന്ടെ സന്തോഷങളായി.....



വേര്‍പാടാണ് സൌഹ്രിദത്തിന്ടെ ദ്രിഢത നിലനിര്‍ത്തുന്നത്. രാമന്ടെ കൈ പിടിച്ചപ്പോള്‍ വികാരാധീനനായി.

ഇനി മണിക്കൂറുകളുടെ യാത്ര. ഓര്‍മ്മകള്‍ കൊണ്ട് സമ്പൂര്‍ണ്ണമാക്കാന്‍ കഴിയുന്ന നിമിഷങള്‍ !!



ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി.

“ഫൂല്‍ ജൈസാ ചെഹരാ.” കാതില്‍ തുളച്ചുകയറുന്ന ശബ്ദത്തില്‍ അവന്‍ പാടി. കഷ്ടിച്ച് മൂന്ന് വയസ്സ് പ്രായം കാണും. മുഷിഞ്ഞ് കീറീയ കുപ്പായം. കയ്യിലിരിക്കുന്ന കല്ലുകള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കുന്നു..കണ്ണുകളിലെ പ്രകാശം ഒഴിച്ചുനിര്‍ത്തിയാല്‍ വേറെയൊന്നും തന്നെ അവനിലില്ല..
നാണയത്തുട്ടുകള്‍ക്കായ് അവന്‍ കൈ നീട്ടി..

“എവിട്യാ ഈ കുട്ടിടെ അമ്മേം അച്ചനും?” മൂന്നു വയസ്സുമാത്രമുള്ള മകളുടെ നിഷ്ക്കളങ്കതക്കു മുന്‍പില്‍ പകച്ചു നിന്നു... അവളുടെ ചോദ്യങള്‍ക്ക് ഒരിക്കലും ഉത്തരമുണ്ടാവില്ലല്ലോ എന്നോര്‍ത്തു പോയി..

ഒരു നഗരന്‍ ഓര്‍മ്മ

Tuesday, October 16, 2007

ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത്

തിമിര്‍ത്തു പെയ്യുന്ന മഴ !! കണ്ട്രോള്‍ റൂമിണ്ടെ ചില്ലു ജാലകങളില്‍ മഴത്തുള്ളികള്‍ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. വിചാരങളുടെ ലോകത്തുനിന്നും മഴയുടെ ആരവം അയാളെ ഉണര്‍ത്തി.ചൂടുപിടിച്ച ബോയിലറിണ്ടെ പ്രതലങളില്‍ നിന്നും മഴവെള്ളം നീരാവിയായി പുകഞ്ഞുയര്‍ന്നു.
ആകാശം ഇരുണ്ടു മൂടിയിരിക്കുന്നു. പെയ്തൊഴിയാന്‍ ഇനിയും ഒരുപാടു നേരമെടുത്തേക്കാം.

പുസ്തകത്തിണ്ടെ താളുകള്‍ മടക്കി, പുറത്തേക്കുള്ള കവാടത്തില്‍ നിന്നും മഴയെത്തന്നെ നോക്കിനിന്നു.



സന്തോഷത്തിനും ദുഖത്തിനും മഴയുടെ മുഖങളാണ്. അയാള്‍ വെറുതെ ഓരോന്നോര്‍ത്തുപോയി.


വര്‍ഷങള്‍ക്കു മുന്‍പ് നാടും വീടും വിട്ടു അന്യദേശത്തു വന്നതുമുതല്‍ പലതും ജീവിതത്തില്‍ അന്യം നിന്നുപോയി. തൊടിക്കു താഴെ തോട്ടു വക്കത്ത് കലങിമറിഞ്ഞൊഴുകുന്ന കാലവര്‍ഷം എന്നും ഒരു ഹരമായിരുന്നു. മഴയത്ത് നനഞ്ഞീറനായി വരുന്ന മകനെ ശകാരിക്കുന്ന അമ്മ.. കോള്‍പ്പാടത്തെ കൊയ്ത്തു കഴിയാത്ത നെല്ലിനെയോര്‍ത്ത് വേവലാതി കൊള്ളുന്ന അച്ചന്‍.. അവരുടെ ചിന്തകളിലും വ്യവഹാരങളിലും മഴ ഒരു അലസോരമായി പ്രത്യക്ഷപ്പെടുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.





അയാള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു മഴക്കാലം. ഇരുട്ടിണ്ടെ തറവടകളാകുന്ന ദിവസങള്‍. വെളിച്ചമില്ലാത്തപ്പോള്‍ സ്വന്തം ലോകം എന്നും പൂര്‍ണ്ണമായിരുന്നു. വെളിച്ചമുള്ള പകലുകള്‍ കാപട്യത്തിണ്ടെ വിഹ്വലതകളായി അയാളില്‍ പടര്‍ന്നിറങി. എല്ലാ സന്തോഷങള്‍ക്കും മഴ സാക്ഷിയായിരുന്നു...സ്കൂള്‍ ഫൈനല്‍ പാസ്സായ ദിവസം, വിവാഹത്തിണ്ടെ തലേന്ന്, പിന്നെ ഒരായിരം തെളിച്ചമില്ലാത്ത ഓര്‍മ്മകളില്‍ മഴ ഒരു സംഭവമായിരുന്നു.





കോളേജില്‍ ചേരാനുള്ള ഉത്സുകതയും ആകാംക്ഷയും കൊണ്ടു നടന്ന അവധിക്കാലം. മെയ് മാസത്തിണ്ടെ ചൂടിനെ ശമിപ്പിക്കുന്ന വേനല്‍ മഴകള്‍ !! നീണ്ട പത്തു വര്‍ഷങള്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടും ഒന്നു മിണ്ടിയിട്ടു കൂടിയില്ല. കോലന്‍ മുടിയും, മഷിയെഴുതി കറുപ്പിച്ച വിടര്‍ന്ന കണ്ണുകളും എപ്പോഴൊ ഹ്രിദയത്തില്‍ സ്താനം പിടിച്ചിരുന്നു. കളിപ്രായത്തില്‍ നിന്നും പാവാടയിലേക്കും ജംബറിലേക്കുമുള്ള വളര്‍ച്ച പെട്ടെന്നയിരുന്നു. വികാരങളെ വേര്‍തിരിച്ചറിയാനാവാത്ത ഒരു പതിനഞ്ചുകാ‍രണ്ടെ മനസ്സ്..



എന്നും ഒന്നു കാണാനുള്ള ആകാംക്ഷയുമായാണ് സ്കൂളിലേക്കു പുറപ്പെട്ടിരുന്നത്. സ്കൂളിണ്ടെ ഇടതുവശത്ത് റോഡു ചെന്നു ചേരുന്ന ചിറയുടെ വക്കത്താണ് വീട്. ഒരിക്കല്‍ കണ്ടിട്ടുണ്ട്.

അധ്യയനവര്‍ഷത്തിണ്ടെ അവസാന ദിവസം. സ്റ്റാഫ് റൂമിന്ടെ പുറകു വശത്തെ വാകച്ചോട്ടില്‍ തൊട്ടുമുന്‍പില്‍!! കുറച്ചുനേരം ഒന്നും മിണ്ടാതെ രണ്ടാളും നിന്നു..

എന്തെങ്കിലും എഴുതൂ.. ഓട്ടോഗ്രാഫ് എടുത്തു നീട്ടി.

ഒന്നും എഴുതാതെ നിന്നു..

ഒന്നും എഴുതാനില്ലെ? വീണ്ടും ചോദ്യം..

കൈകള്‍ വിറച്ചെങ്കിലും എഴുതി.. “ സ്നേഹമാണഖിലസാരമൂഴിയില്‍ “

തിരിച്ചു കൊടുത്തു..അവള്‍ തുറന്നു വായിച്ചു.

മുഖത്ത് ചെറിയൊരു മന്ദസ്മിതം.. “കുട്ടിയുടെ ഓട്ടോഗ്രാഫ് തരൂ?”
യാന്ത്രികമായി എടുത്തുനീട്ടി. അവളെന്തോ കുറിച്ചു..

വൈകുന്നേരം വീട്ടില്‍ വന്നു ആരും കാണാതെ വായിച്ചു നോക്കി..
“ എന്നും ഒരേ ക്ലാസ്സില്‍ പഠിക്കാനാണാഗ്രഹം” ഒരായിരം കാലവര്‍ഷങള്‍ പെയ്തിറങി..

പിന്നീട് തിരുത്തിക്കുളങരയില്‍ മുടിയേറ്റിന് ഒന്നു കണ്ടു. അതിനുശേഷം ഇതുവരെ നേരില്‍ കണ്ടിട്ടില്ല.

ഓരോ മഴക്കാലത്തും അയാള്‍ക്ക് വയസ്സ് കൂടീ വന്നു. ജീവിതത്തോടു പൊരുതി അന്യദേശക്കാരനായി മാറി. എങ്കിലും സ്വന്തമായൊരു ലോകം മനസ്സില്‍ സൂക്ഷിച്ചു. ഇടക്കൊന്നു നാട്ടില്‍ ചെന്ന സമയത്ത് അമ്മയുടെ വിശേഷങളില്‍ അവളെപ്പറ്റിയറിഞ്ഞു... “സിന്ധുവിണ്ടെ കല്യാണം കഴിഞ്ഞു. അച്ചനെ കണ്ടപ്പോള്‍ ആ കുട്ടി മണ്ഡപത്തില്‍ നിന്നും ഇറങി വന്നു..നിന്നെപ്പറ്റിയന്വേഷിച്ചു..”
തിരിച്ചറിയാനാവാത്ത നൊമ്പരം മനസ്സിലിരുന്നു വിങി.

വിവാഹത്തിനുശേഷം അയാള്‍ കുടുംബമായി അന്യനാട്ടില്‍ വേരുറപ്പിച്ചു. വെളുത്തു മെല്ലിച്ച നീണ്ട കണ്ണുകളുള്ള പാവാടക്കാരിയെ അയാള്‍ വല്ലപ്പോഴും സ്വപ്നം കാണാറുണ്ട്.

പുറത്ത് മഴ തുള്ളിയിട്ടു. പെയ്തൊഴിയാത്ത മേഘക്കീറുകള്‍ അങിങു ചിതറികിടക്കുന്നു. ഇനിയും മഴ പെയ്തേക്കാം.

ഒരു നഗരന്‍ അനുഭവം

എന്ടെ മാത്രം

എന്ടെ മാത്രം

നിശ്ചലം! മന്ദമാരുതന്‍ പോലുമില്ല
നക്ഷത്രങള്‍ കെട്ടഴിഞ്ഞു വീണോരാകാശവും
സോമബിംബം തിളങും പൊന്നിന്‍ പ്രകാശവും
തരളിത ഹ്രിത്തനായ് ഞാനീ തണുത്ത രാവില്‍...

പൂമരങള്‍ തീര്‍ത്ത നിഴലുകള്‍ വഴിയില്‍
ഇടയിലൂടീര്‍ന്നിറങും വെളിച്ചത്തിന്‍ ബിന്ദുക്കളും
ഓര്‍മ്മയില്‍ നിന്നടര്‍ന്നോരായിരം തിരുവാതിരകളും
പതിരാവിന്‍ പാതിയില്‍ നിര്‍ന്നിമേഷനായ് ഞാന്‍...

വിഷാദ സ്മ്രിതികള്‍ക്കിടമില്ല മനസ്സില്‍
തുടിക്കുന്നൂ ഹ്രിദയമീ മോഹന സൌന്ദര്യത്തില്‍
വിലയിച്ചൂ പ്രക്രിതിയില്‍, ധന്യനായ്
എല്ലം മറന്നൊരുപാസകനായ്...

ആയിരം മൊട്ടുകള്‍ വിടര്‍ന്നരാവില്‍
സങ്കല്‍പ്പസൌന്ദര്യം യാമിനിയായ്
നിന്നിലെ ലഹരിയിലലിഞ്ഞു ഞാനെന്‍
നഷ്ടസ്വര്‍ഗങളെ വീണ്ടെടുത്തു...

ഒരു നഗരന്‍ അനുഭൂതി

Monday, October 15, 2007

മോക്ഷം

മോക്ഷം

നീറും മനസ്സിന്‍ നോവുകള്‍ പേറി
എത്തീ ഞാന്‍ ഗുരുവായൂര്‍ നടയില്‍
തങ്കം പൂശി മിനുക്കിയ കോവില്‍
നടയിങ്കല്‍ ഞാന്‍ കൈകള്‍ കൂപ്പി
മിഴികള്‍ കൂമ്പി,തുളുമ്പീ ഹൃദയം
വിശ്വാസത്തില്‍ വിലയം പൂകി.

കളഭ ചാര്‍ത്തും ചന്ദനലേപവും
ലക്ഷാര്‍ച്ചനയും വാകചാര്‍ത്തൂം
എല്ലാം നീനവില്‍ തിങ്ങി നിറഞ്ഞു,
നിശ്വാസങള്‍ കൃഷ്ണാഹരേയയ്‌.

പ്രാരബ്ധക്കടല്‍ നീന്തി കയറാന്‍
പാഞ്ഞു നടപ്പൂ പ്രാണികള്‍ ചുറ്റും
അമ്പലമതിലിന്‍ ചാരത്തെങ്ങും
നീണ്ടു കിടക്കും നിഴലില്‍ നിരയായ്‌
ആതുരരാലും അഗതികളാലും
കണ്ണികളായൊരു മനുഷ്യചങ്ങല.

പഴവും വെണ്ണയും അവിലും മലരും
പാല്‍പ്പായാസവും നിവേദ്യച്ചോറും
ചീട്ടായ് ചീളായ് നുറുങി നുറുങി
നീറിയൊടുങും വ്രിദ്ദാത്മാക്കള്‍
ആത്മാവിന്‍ ചിത കത്തിയൊടുങിയ
മോക്ഷം കാത്തുകിടക്കും മനുഷ്യര്‍.

നിനവില്‍ നിനച്ചൊരു കണാപച്ചകള്‍
‍അലഞ്ഞു നടക്കും പ്രേതാത്മാവായ്
പടവുകള്‍ കയറിയിറങിയ ജീവിത
കാണാക്കയമൊരു കടംകധയായി.

അമ്പലമണികള്‍ നാദമുതിര്‍ത്തു
ശ്രീകോവില്‍ നട വതില്‍ തുറന്നൂ
അരുണോദയപ്രഭ പൂരം പോലെ
കാണ്മാനായീ ഭഗവല്‍ രൂപം.
കര്‍മ്മഫലത്തിന്‍ കെട്ടുകള്‍ പൊട്ടി
ക്കണ്ണീര്‍ ചാലുകള്‍ നിര്‍വ്രിതിയായി..

ഒരു ക്രിഭ്കൊ നഗരന്‍ കവിത

Sunday, October 14, 2007

ഉള്ളിലെ സ്നേഹം അടക്കി വക്കുവാനുള്ളതല്ല. അതു പുറത്ത് കാണിക്കുന്നതാണ് യധാര്‍ത സ്നേഹം..

Thursday, October 11, 2007

WELCOME MY FRIENDS

WELCOM ALL TO MY BLOG
WELCOM TO MY OWN KRIBHCONAGARAM
AN OPEN JAIL OF 2000 FAMILIES