Tuesday, October 16, 2007

ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത്

തിമിര്‍ത്തു പെയ്യുന്ന മഴ !! കണ്ട്രോള്‍ റൂമിണ്ടെ ചില്ലു ജാലകങളില്‍ മഴത്തുള്ളികള്‍ ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. വിചാരങളുടെ ലോകത്തുനിന്നും മഴയുടെ ആരവം അയാളെ ഉണര്‍ത്തി.ചൂടുപിടിച്ച ബോയിലറിണ്ടെ പ്രതലങളില്‍ നിന്നും മഴവെള്ളം നീരാവിയായി പുകഞ്ഞുയര്‍ന്നു.
ആകാശം ഇരുണ്ടു മൂടിയിരിക്കുന്നു. പെയ്തൊഴിയാന്‍ ഇനിയും ഒരുപാടു നേരമെടുത്തേക്കാം.

പുസ്തകത്തിണ്ടെ താളുകള്‍ മടക്കി, പുറത്തേക്കുള്ള കവാടത്തില്‍ നിന്നും മഴയെത്തന്നെ നോക്കിനിന്നു.



സന്തോഷത്തിനും ദുഖത്തിനും മഴയുടെ മുഖങളാണ്. അയാള്‍ വെറുതെ ഓരോന്നോര്‍ത്തുപോയി.


വര്‍ഷങള്‍ക്കു മുന്‍പ് നാടും വീടും വിട്ടു അന്യദേശത്തു വന്നതുമുതല്‍ പലതും ജീവിതത്തില്‍ അന്യം നിന്നുപോയി. തൊടിക്കു താഴെ തോട്ടു വക്കത്ത് കലങിമറിഞ്ഞൊഴുകുന്ന കാലവര്‍ഷം എന്നും ഒരു ഹരമായിരുന്നു. മഴയത്ത് നനഞ്ഞീറനായി വരുന്ന മകനെ ശകാരിക്കുന്ന അമ്മ.. കോള്‍പ്പാടത്തെ കൊയ്ത്തു കഴിയാത്ത നെല്ലിനെയോര്‍ത്ത് വേവലാതി കൊള്ളുന്ന അച്ചന്‍.. അവരുടെ ചിന്തകളിലും വ്യവഹാരങളിലും മഴ ഒരു അലസോരമായി പ്രത്യക്ഷപ്പെടുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.





അയാള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു മഴക്കാലം. ഇരുട്ടിണ്ടെ തറവടകളാകുന്ന ദിവസങള്‍. വെളിച്ചമില്ലാത്തപ്പോള്‍ സ്വന്തം ലോകം എന്നും പൂര്‍ണ്ണമായിരുന്നു. വെളിച്ചമുള്ള പകലുകള്‍ കാപട്യത്തിണ്ടെ വിഹ്വലതകളായി അയാളില്‍ പടര്‍ന്നിറങി. എല്ലാ സന്തോഷങള്‍ക്കും മഴ സാക്ഷിയായിരുന്നു...സ്കൂള്‍ ഫൈനല്‍ പാസ്സായ ദിവസം, വിവാഹത്തിണ്ടെ തലേന്ന്, പിന്നെ ഒരായിരം തെളിച്ചമില്ലാത്ത ഓര്‍മ്മകളില്‍ മഴ ഒരു സംഭവമായിരുന്നു.





കോളേജില്‍ ചേരാനുള്ള ഉത്സുകതയും ആകാംക്ഷയും കൊണ്ടു നടന്ന അവധിക്കാലം. മെയ് മാസത്തിണ്ടെ ചൂടിനെ ശമിപ്പിക്കുന്ന വേനല്‍ മഴകള്‍ !! നീണ്ട പത്തു വര്‍ഷങള്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടും ഒന്നു മിണ്ടിയിട്ടു കൂടിയില്ല. കോലന്‍ മുടിയും, മഷിയെഴുതി കറുപ്പിച്ച വിടര്‍ന്ന കണ്ണുകളും എപ്പോഴൊ ഹ്രിദയത്തില്‍ സ്താനം പിടിച്ചിരുന്നു. കളിപ്രായത്തില്‍ നിന്നും പാവാടയിലേക്കും ജംബറിലേക്കുമുള്ള വളര്‍ച്ച പെട്ടെന്നയിരുന്നു. വികാരങളെ വേര്‍തിരിച്ചറിയാനാവാത്ത ഒരു പതിനഞ്ചുകാ‍രണ്ടെ മനസ്സ്..



എന്നും ഒന്നു കാണാനുള്ള ആകാംക്ഷയുമായാണ് സ്കൂളിലേക്കു പുറപ്പെട്ടിരുന്നത്. സ്കൂളിണ്ടെ ഇടതുവശത്ത് റോഡു ചെന്നു ചേരുന്ന ചിറയുടെ വക്കത്താണ് വീട്. ഒരിക്കല്‍ കണ്ടിട്ടുണ്ട്.

അധ്യയനവര്‍ഷത്തിണ്ടെ അവസാന ദിവസം. സ്റ്റാഫ് റൂമിന്ടെ പുറകു വശത്തെ വാകച്ചോട്ടില്‍ തൊട്ടുമുന്‍പില്‍!! കുറച്ചുനേരം ഒന്നും മിണ്ടാതെ രണ്ടാളും നിന്നു..

എന്തെങ്കിലും എഴുതൂ.. ഓട്ടോഗ്രാഫ് എടുത്തു നീട്ടി.

ഒന്നും എഴുതാതെ നിന്നു..

ഒന്നും എഴുതാനില്ലെ? വീണ്ടും ചോദ്യം..

കൈകള്‍ വിറച്ചെങ്കിലും എഴുതി.. “ സ്നേഹമാണഖിലസാരമൂഴിയില്‍ “

തിരിച്ചു കൊടുത്തു..അവള്‍ തുറന്നു വായിച്ചു.

മുഖത്ത് ചെറിയൊരു മന്ദസ്മിതം.. “കുട്ടിയുടെ ഓട്ടോഗ്രാഫ് തരൂ?”
യാന്ത്രികമായി എടുത്തുനീട്ടി. അവളെന്തോ കുറിച്ചു..

വൈകുന്നേരം വീട്ടില്‍ വന്നു ആരും കാണാതെ വായിച്ചു നോക്കി..
“ എന്നും ഒരേ ക്ലാസ്സില്‍ പഠിക്കാനാണാഗ്രഹം” ഒരായിരം കാലവര്‍ഷങള്‍ പെയ്തിറങി..

പിന്നീട് തിരുത്തിക്കുളങരയില്‍ മുടിയേറ്റിന് ഒന്നു കണ്ടു. അതിനുശേഷം ഇതുവരെ നേരില്‍ കണ്ടിട്ടില്ല.

ഓരോ മഴക്കാലത്തും അയാള്‍ക്ക് വയസ്സ് കൂടീ വന്നു. ജീവിതത്തോടു പൊരുതി അന്യദേശക്കാരനായി മാറി. എങ്കിലും സ്വന്തമായൊരു ലോകം മനസ്സില്‍ സൂക്ഷിച്ചു. ഇടക്കൊന്നു നാട്ടില്‍ ചെന്ന സമയത്ത് അമ്മയുടെ വിശേഷങളില്‍ അവളെപ്പറ്റിയറിഞ്ഞു... “സിന്ധുവിണ്ടെ കല്യാണം കഴിഞ്ഞു. അച്ചനെ കണ്ടപ്പോള്‍ ആ കുട്ടി മണ്ഡപത്തില്‍ നിന്നും ഇറങി വന്നു..നിന്നെപ്പറ്റിയന്വേഷിച്ചു..”
തിരിച്ചറിയാനാവാത്ത നൊമ്പരം മനസ്സിലിരുന്നു വിങി.

വിവാഹത്തിനുശേഷം അയാള്‍ കുടുംബമായി അന്യനാട്ടില്‍ വേരുറപ്പിച്ചു. വെളുത്തു മെല്ലിച്ച നീണ്ട കണ്ണുകളുള്ള പാവാടക്കാരിയെ അയാള്‍ വല്ലപ്പോഴും സ്വപ്നം കാണാറുണ്ട്.

പുറത്ത് മഴ തുള്ളിയിട്ടു. പെയ്തൊഴിയാത്ത മേഘക്കീറുകള്‍ അങിങു ചിതറികിടക്കുന്നു. ഇനിയും മഴ പെയ്തേക്കാം.

ഒരു നഗരന്‍ അനുഭവം

No comments: